ബിജെപിയുടെ രാഷ്ട്രീയം വ്യവസായികളെ സഹായിക്കാൻ: പ്രിയങ്ക ഗാന്ധി
Sunday, November 10, 2024 7:04 PM IST
കൽപ്പറ്റ: മതമൈത്രിയുടെ സൗന്ദര്യം വയനാട്ടിൽ കാണാൻ സാധിക്കുന്നുവെന്നും ബിജെപിയുടെ വിഷം വയനാട്ടുകാർ തൊട്ടിട്ടില്ലെന്നും യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. ബിജെപിയുടെ രാഷ്ട്രീയം വ്യവസായികളെ സഹായിക്കുന്നതാണെന്നും സുൽത്താൻ ബത്തേരിയിലെ നായ്ക്കട്ടിയിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രിയങ്ക ഗാന്ധി പറഞ്ഞു.
ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി ഇന്ദിരാ ഗാന്ധി ഒരുപാട് പദ്ധതികൾ നടപ്പിലാക്കി. ഈ അവകാശങ്ങളെയാണ് ഇപ്പോൾ ബിജെപി ആക്രമിക്കുന്നത്. ബിജെപി ആദിവാസി സമൂഹത്തിന്റെ ഭൂമി സമ്പന്നർക്ക് നൽകുന്നുവെന്നും വനാവകാശ നിയമത്തിൽ ബിജെപി വെള്ളം ചേർക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു.
ബിജെപി നയം കാരണം രാജ്യത്തിലെ കർഷകർ കഷ്ടപ്പെടുന്നുവെന്ന് കുറ്റപ്പെടുത്തിയ പ്രിയങ്ക ജനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നവരാണ് ബിജെപിക്കാർ എന്നും ചൂണ്ടിക്കാണിച്ചു. രാഹുൽ ഗാന്ധിയെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ വലിയ നുണ പ്രചാരണം നടന്നു. എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ വയനാട്ടുകാർ രാഹുൽ ഗാന്ധിയോടൊപ്പം നിന്നെന്നും പ്രിയങ്ക പറഞ്ഞു.