കാണാതായ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; മാനസിക പ്രയാസത്തില്‍ പോയതെന്ന് ചാലിബ്
Friday, November 8, 2024 9:08 AM IST
മലപ്പുറം: കാണാതായ മലപ്പുറം തിരൂർ ഡെപ്യൂട്ടി തഹസീല്‍ദാര്‍ പി.ബി. ചാലിബ് ഭാര്യയുമായി ഫോണിൽ സംസാരിച്ചു. താന്‍ ബസ് സ്റ്റാന്‍ഡിലാണെന്നും ഉടൻ വീട്ടിലെത്തുമെന്നുമാണ് ചാലിബ് ഭാര്യയോട് പറഞ്ഞത്. താന്‍ പോയത് മാനസിക പ്രയാസത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
കർണാടകയിൽനിന്നാണ് ചാലിബ് വിളിച്ചതെന്നാണ് വിവരം. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ചാലിബിനെ കാണാതായത്. പോലീസ് അന്വേഷണം ശക്തമാക്കുന്നതിനിടെയാണ് അദ്ദേഹം ഭാര്യയുമായി ഫോണിൽ ബന്ധപ്പെട്ടത്.
ബുധനാഴ്ച വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങിയ ചാലിബ് വീട്ടിലെത്താൻ വൈകുമെന്ന് ഭാര്യയെ അറിയിച്ചിരുന്നു. രാത്രി എട്ടിന് വീണ്ടും അന്വേഷിച്ചപ്പോൾ വളാഞ്ചേരി ഭാഗത്താണെന്നും പോലീസും എക്സൈസുമൊത്ത് പരിശോധനയുള്ളതിനാൽ വീട്ടിലെത്താൻ വൈകുമെന്നും മെസേജ് അയച്ചു.
പിന്നീട് വിളിച്ചപ്പോഴൊന്നും ഫോണിൽ കിട്ടിയില്ല. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.