ഹേമ കമ്മിറ്റി: 26 കേസുകളെടുത്തെന്ന് സർക്കാർ, അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി
Thursday, November 7, 2024 1:07 PM IST
കൊച്ചി: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി. അഡ്വ. മിത സുധീന്ദ്രനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട്, നിര്‍ദേശം, കരട് നിയമം എന്നിവ ശേഖരിച്ച് ഏകോപിപ്പിക്കുന്നതിനായാണ് ഈ നടപടി.
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമനിർമാണം നടത്തുന്നതിന് സർക്കാരിനെ സഹായിക്കാൻ കരട് നിർദേശങ്ങൾ സമർപ്പിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 26 കേസുകളെടുത്തെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് സി.എസ്. സുധ എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണനയ്ക്ക് എടുത്തപ്പോഴാണ് സര്‍ക്കാര്‍ കോടതിയെ ഇക്കാര്യം അറിയിച്ചത്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവച്ച കവറിൽ പ്രത്യേക അന്വേഷണസംഘം ഇന്ന് കോടതിയിൽ സമർപ്പിച്ചു.
18 കേസുകളില്‍ മൊഴി നല്കിയവര് സാവകാശം ആവശ്യപ്പെട്ടു. കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്ന് അഞ്ചുപേര്‍ അറിയിച്ചു. മറ്റ് മൂന്നുപേര്‍ തങ്ങള്‍ അങ്ങനെയൊരു മൊഴി ഹേമ കമ്മിറ്റിക്ക് നല്‍കിയതായി ഓര്‍ക്കുന്നില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചുവെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഈമാസം 21ന് വീണ്ടും വാദം കേള്‍ക്കും. ഡിസംബര്‍ 31നകം നടപടികള്‍ പൂര്‍ത്തായാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും കോടതി പ്രകടിപ്പിച്ചു. കൾച്ചറൽ അക്കാദമി ഫോർ പീസ് എന്ന സംഘടന കക്ഷി ചേരാൻ നൽകിയ അപേക്ഷയും ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു
അതേസമയം, വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ ഡബ്ല്യുസിസി നിയമനിര്‍മാണത്തിനുള്ള കരട് നിര്‍ദേശം കോടതിയില്‍ സമര്‍പ്പിച്ചു. ഇത് സംസ്ഥാന സർക്കാരിന് കൈമാറാമെന്ന് കോടതി വ്യക്തമാക്കി.