വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ
Wednesday, November 6, 2024 9:10 PM IST
പത്തനംതിട്ട: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. തിരുവല്ല കടപ്ര സ്വദേശി അജിൻ ജോർജാണ് അറസ്റ്റിലായത്.
മാന്നാർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നഴ്സിംഗ് വിദ്യാർത്ഥികളെയും സ്ത്രീകളെയും ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പ്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുന്ന നഴ്സിംഗ് വിദ്യാർഥികളും സ്ത്രീകളുമാണ് കൂടുതലും അജിൻ ജോർജിന്റെ വലയിലാകുന്നത്.
പ്രവാസിയായ സാം യോഹന്നാൻ എന്നയാളുടെ പരാതിയിൽ ആണ് അജിനെ പിടികൂടിയത്. തൃശൂർ ഒല്ലൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്.
സാമിനും ഭാര്യക്കും യു കെയിൽ ജോലി നൽകാമെന്ന് പറഞ്ഞ് 2 ലക്ഷം രൂപ പ്രതി വാങ്ങിയിരുന്നു. ഒക്ടോബർ നാലിന് മെഡിക്കൽ എടുക്കാൻ എത്തണമെന്നും പറഞ്ഞു. എന്നാൽ പിന്നീട് ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് സംശയം തോന്നി പൊലീസിൽ പരാതി നൽകിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എളമക്കര സ്വദേശിനിയിൽ നിന്നു 42 ലക്ഷം രൂപ തട്ടിയതടക്കം ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കൊല്ലം ജില്ലകളിലായി ഇയാള്‍ക്കെതിരെ കേസുകളുണ്ട്.