"കള്ളപ്പണം മറ്റൊരു മുറിയില്‍ സൂക്ഷിക്കാന്‍ അവസരമൊരുക്കി'; പോലീസിനെതിരേ കെ.സുരേന്ദ്രന്
Wednesday, November 6, 2024 12:35 PM IST
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് ഫാഫി പറമ്പില്‍ എംപിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വ്യാപകമായി കള്ളപ്പണം ഉപയോഗിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. റെയ്ഡ് വിഷയത്തില്‍ സിപിഎമ്മും ബിജെപിയും എന്തിന് ഗൂഢാലോചന നടത്തണമെന്നും അദ്ദേഹം ചോദിച്ചു.
പോലീസ് ഹോട്ടലില്‍ എല്ലാ മുറികളിലും പരിശോധന നടത്തിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. 40 മുറികളില്‍ 12 മുറികളില്‍ മാത്രമാണ് പരിശോധന നടത്തിയത്. ബാക്കി മുറികളില്‍ പരിശോധന നടത്താന്‍ യുഡിഎഫ് നേതാക്കള്‍ അനുവദിച്ചില്ല. പണം എത്തിച്ചത് കണ്ട ദൃക്സാക്ഷികളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയില്ലെന്നും നടപടി സംശയാസ്പദമാണെന്നും സുരേന്ദ്രന് പറഞ്ഞു.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ പ്രതി പണം ഇറക്കി എന്നാണ് മൊഴി. എന്നാല്‍ ദൃക്സാക്ഷികളുടെ മൊഴിയെടുത്തില്ല. കള്ളപ്പണം സുരക്ഷിതമായി മറ്റൊരു മുറിയില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കിയത് പോലീസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹോട്ടൽ സിസിടിവി പരിശോധിച്ച് വിവരം എടുക്കാന്‍ പോലീസിന് സാധിക്കാത്തതാണോയെന്നും സുരേന്ദ്രന് ചോദിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിക്കോട് എത്തിയതില്‍ താന്‍ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.