മഴ മുന്നറിയിപ്പിൽ മാറ്റം; ആറു ജില്ലകളിൽ യെല്ലോ അലർട്ട്
Tuesday, November 5, 2024 6:59 PM IST
തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഈ ജില്ലകളിലുള്ളതെന്നാണ് പ്രവചനം. ബംഗാൾ ഉൾക്കടലിൽ രണ്ട് ചക്രവാതച്ചുഴികൾ രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മന്നാർ കടലിടുക്കിനും ശ്രീലങ്കയ്ക്ക് മുകളിലും തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായുമാണു ചക്രവാതച്ചുഴികൾ സ്ഥിതിചെയ്യുന്നത്. അതിനാൽ കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.