"ജീവന് വേണമെങ്കില്‍ ക്ഷേത്രത്തിലെത്തി മാപ്പ് പറയണം, അല്ലെങ്കില്‍ അഞ്ചുകോടി': സൽമാൻ ഖാന് വീണ്ടും വധഭീഷണി
Tuesday, November 5, 2024 12:16 PM IST
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയുടെ സഹോദരനെന്നു അവകാശപ്പെട്ടാണ് മുംബൈ പോലീസ് ട്രാഫിക് കണ്ട്രോള് റൂമിന്റെ വാട്ടസ്ആപ്പ് നമ്പറിലേക്ക് അജ്ഞാതന്റെ സന്ദേശമെത്തിയത്.
‘ഇതു ലോറൻസ് ബിഷ്ണോയിയുടെ സഹോദരനാണ്. സൽമാൻ ഖാന് സ്വന്തം ജീവൻ വേണമെങ്കിൽ ഞങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പു പറയുകയോ അഞ്ചുകോടി നൽകുകയോ വേണം. അങ്ങനെ ചെയ്തില്ലെങ്കിൽ ഞങ്ങൾ അദ്ദേഹത്തെ കൊല്ലും. ഞങ്ങളുടെ ഗ്യാംഗ് ഇപ്പോഴും സജീവമാണ്’- ഭീഷണി സന്ദേശത്തിൽ പറയുന്നു.
തിങ്കളാഴ്ച രാത്രിയാണ് സന്ദേശം ലഭിച്ചത്. സംഭവത്തിൽ വർളി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സന്ദേശം അയച്ച നമ്പർ കണ്ടെത്താനായിട്ടുണ്ടെന്നാണ് വിവരം.
ഒരാഴ്ചയ്ക്കിടെ സല്മാന് ഖാന് ലഭിക്കുന്ന രണ്ടാമത്തെ വധഭീഷണിയാണിത്. ഒക്ടോബര്‍ മുപ്പതിനും മുംബൈ ട്രാഫിക് കണ്ട്രോളിന് സല്‍മാനെതിരേ വധഭീഷണി സന്ദേശം ലഭിച്ചിരുന്നു.