പാലക്കാട് ഉപതെരഞ്ഞെടുപ്പ് മാറ്റിയത് സ്വാഗതാർഹം; എൽഡിഎഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നതായി ടി.പി. രാമകൃഷ്ണൻ
Monday, November 4, 2024 10:39 PM IST
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് മാറ്റിയത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്യുന്നതായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ഒക്ടോബർ 15നു തന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ പാലക്കാട് ജനത നടത്തിയ കൂട്ടായ പരിശ്രമങ്ങളുടെ കൂടി ഫലമായാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് മാറ്റിയിരിക്കുന്നത്. പാലക്കാട്ടെ ഇടതു സ്ഥാനാർഥി പി. സരിൻ നവംബർ 20 ന് തെരഞ്ഞെടുപ്പ് നടത്താനുള്ള നിർദ്ദേശവും മുന്നോട്ടുവെച്ചിരുന്നതായും എൽഡിഎഫിന്റെ വാർത്താ കുറിപ്പിൽ പറയുന്നു.
കൽപ്പാത്തി രഥോത്സവം പരിഗണിച്ച് നവംബർ 20 ലേക്കാണ് പാലക്കാട് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് മാറ്റിയത്. തെരഞ്ഞെടുപ്പ് മാറ്റിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്വാഗതംചെയ്ത് മുന്നണികൾ രംഗത്തെത്തി.