പിഎസ്സി അംഗങ്ങളുടെ ശമ്പളം കൂട്ടില്ല; ശിപാർശ മന്ത്രിസഭ തള്ളി
Monday, November 4, 2024 7:42 PM IST
തിരുവനന്തപുരം: പിഎസ്സി അംഗങ്ങളുടെ ശമ്പളം കൂട്ടാനുള്ള ശിപാർശ മന്ത്രിസഭ തള്ളി. സാമ്പത്തിക ബാധ്യത വർധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിസഭ ശിപാർശ തള്ളിയത്.
ആനുകൂല്യങ്ങൾ ഉൾപ്പെടെ ചെയർമാന് ശമ്പളം 3.81 ലക്ഷം രൂപയും അംഗങ്ങളുടേത് 3.73 ലക്ഷവുമായി കൂട്ടാനായിരുന്നു ശിപാർശ ചെയ്തത്. നിലവിൽ ചെയർമാന് 2,24,100 രൂപയും അംഗങ്ങൾക്ക് 2,19,090 രൂപയുമാണ് ശമ്പളം.
ജുഡീഷ്യൽ ഓഫീസർമാരുടെ ശമ്പള സ്കെയിലാണ് പിഎസ്സി അംഗങ്ങൾക്കുമുള്ളത്. ജുഡീഷ്യൽ ഓഫീസർമാരുടെ ശമ്പളം കൂട്ടിയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പിഎസ്സി ചെയർമാൻ ശമ്പള വർധനവ് ആവശ്യപ്പെട്ടത്.
2016 ജനുവരി മുതൽ മുൻകാല പ്രാബല്യവും ആവശ്യപ്പെട്ടിരുന്നു. ശമ്പള വർധനവിനെ മന്ത്രിസഭാ യോഗത്തിൽ കെ.രാജൻ, പി.പ്രസാദ്, പി.രാജീവ്, മുഹമ്മദ് റിയാസ് എന്നിവർ സാമ്പത്തിക ബാധ്യത ചൂണ്ടികാട്ടി എതിർത്തിരുന്നു.
ഇതോടെ മുഖ്യമന്ത്രി തന്നെയാണ് കാബിനറ്റ് ശിപാർശ പിൻവലിച്ചത്. ശമ്പളം കൂട്ടിയാൽ കുടിശിക കൊടുക്കാൻ തന്നെ 35 കോടി രൂപ കണ്ടെത്തണമെന്നും മന്ത്രിമാർ പറഞ്ഞു. ചെയര്മാന് അടക്കം 21 അംഗങ്ങളാണ് സംസ്ഥാനത്ത് പിഎസ്സിയിലുള്ളത്.
രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പിഎസ്സി കേരളത്തിന്റേതാണ്.