കെറെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് ; 13 ന് പ്രതിഷേധ സംഗമം
Sunday, November 3, 2024 9:50 PM IST
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കുന്നു. ആദ്യഘട്ടമായി 13 ന് എറണാകുളത്ത് പ്രതിരോധ സംഗമവും പ്രതിഷേധ പ്രകടനവും നടത്തും. കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചത്.
ആലുവ മുനിസിപ്പൽ അംബേദ്ക്കർ ഹാളിൽ നടക്കുന്ന പ്രതിരോധ സംഗമം ഡോ. എം.പി. മത്തായി ഉദ്ഘാടനം ചെയ്യും. പദ്ധതി നടപ്പിലായാൽ കേരളത്തിൽ സൃഷ്ടിക്കപ്പെടാൻ പോകുന്ന ഗുരുതര പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സിൽവർ ലൈൻ പഠന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി നടക്കുന്ന സെമിനാറിൽ പരിസ്ഥിതി പ്രവർത്തകൻ ഡോ. ശ്രീധർ രാധാകൃഷ്ണൻ വിഷയാവതരണം നടത്തും.
പദ്ധതി നടപ്പിലാക്കരുത് എന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് ആറിന് കേന്ദ്ര റെയിൽവേ മന്ത്രിക്ക് അലൈൻമെന്റ് പ്രദേശത്തെ 25,000 ജനങ്ങളും പാർലമെന്റ് അംഗങ്ങളും ഒപ്പിട്ട വിശദമായ നിവേദനം നൽകിയിരുന്നു. സംസ്ഥാനത്തിന്റെ റെയിൽവേ വികസനത്തിന് തന്നെ തടസമാകുന്ന വിധത്തിൽ തയാറാക്കിയിരിക്കുന്ന പദ്ധതിക്കായി റെയിൽവേ ഭൂമി വിട്ടു നൽകരുതെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.
വീണ്ടും സംസ്ഥാന സർക്കാരിന്റെ പിടിവാശിക്കൊപ്പം നിൽക്കാൻ കേന്ദ്രസർക്കാർ തയാറാകുന്നതിന്റെ സൂചനയാണ് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ പദ്ധതിയുമായി മുന്നോട്ടു പോകും എന്ന റെയിൽവേ മന്ത്രിയുടെ പ്രസ്താവനയെന്ന് സമരസമിതി കുറ്റപ്പെടുത്തി.