"കൈ'യ്ക്കായി സരിൻ, കൊടുക്കാതെ രാഹുലും ഷാഫിയും
Sunday, November 3, 2024 2:40 PM IST
പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ഡോ. പി. സരിനു കൈകൊടുക്കാതെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറന്പിൽ എംപിയും. പാലക്കാട്ടെ ബിജെപി നേതാവ് നടേശന്റെ മകളുടെ വിവാഹച്ചടങ്ങിലാണ് ഇരുവരും ഒന്നിച്ചെത്തിച്ചത്.
സരിൻ പേര് വിളിച്ചിട്ടും രാഹുലും ഷാഫിയും കൈകൊടുക്കാതെ പോകുകയായിരുന്നു. അതേസമയം രാഹുലും ഷാഫിയും മുൻ കോണ്ഗ്രസ് നേതാവ് എ.വി. ഗോപിനാഥിന് ഹസ്തദാനം നൽകുകയും ആലിംഗനം ചെയ്യുകയും ചെയ്തു.
പലതവണ സരിൻ രാഹുലിന്റെ പേര് വിളിച്ചു. കേൾക്കാതെ പോയതോടെ ഇത് മോശമാണെന്ന് സരിൻ പറഞ്ഞു. പിന്നാലെ അയ്യയ്യയ്യേ എന്ന് പറഞ്ഞ സരിൻ, തനിക്കതിൽ കുഴപ്പമില്ലെന്നും കൂട്ടിച്ചേർത്തു.
ജനങ്ങൾ ഇത് കാണുന്നുണ്ടെന്നായിരുന്നു പിന്നീട് സരിന്റെ പ്രതികരണം. ഗോപിയേട്ടനും ഞാനും നിൽക്കുന്നു. ഗോപിയേട്ടനെ രണ്ടുവശത്തുനിന്നും ചെന്ന് കെട്ടിപ്പിടിക്കുന്നു. ഗോപിയേട്ടൻ ചെയ്തതും ഞാൻ ചെയ്തതും തമ്മിൽ എന്താ വ്യത്യാസം എന്ന് ഞാൻ ആലോചിച്ചുവെന്നും സരിൻ പറഞ്ഞു.
പ്രവൃത്തിയും വർത്തമാനവും തമ്മിൽ ബന്ധവും ആത്മാർഥയുമുള്ള ആളാണ് താനെന്ന് രാഹുൽ പിന്നീട് പ്രതികരിച്ചു. ചാനലുകാർക്ക് ഒരു വാർത്ത തരാൻവേണ്ടി അഭ്യാസം കാണിക്കുക. ഞാൻ കുറച്ച് ആത്മാർഥതയൊക്കെയുള്ള ആളാണ്. എനിക്കങ്ങനെ അഭ്യാസം പറ്റില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.