പാളത്തിലൂടെ.., കെ റെയിൽ അടഞ്ഞ അധ്യായമല്ലെന്ന് കേന്ദ്രം
Sunday, November 3, 2024 2:17 PM IST
തൃശൂർ: കെ റെയിൽ പദ്ധതിയെ പിന്തുണച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കെ റെയിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചാൽ തുടർ നടപടികൾക്ക് സന്നദ്ധമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
കെ റെയിൽ നടപ്പാക്കുന്നതിൽ സാങ്കേതികവും പാരിസ്ഥിതികവുമായ ചില പ്രശ്നങ്ങൾ ഉണ്ട്. ആ തടസങ്ങൾ പരിഹരിച്ചു പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയാണെങ്കിൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ സന്നദ്ധമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
സംസ്ഥാന സർക്കാരുമായി സഹകരിച്ച് മുന്നോട്ടു പോകണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സമർപ്പിക്കപ്പെട്ട പദ്ധതി രേഖയിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ സർക്കാർ തയാറാകണമെന്നും റെയിൽവേ മന്ത്രി ആവശ്യപ്പെട്ടു.
ബംഗളൂരു മുതൽ ഷോർണൂർ വരെ നാലു വരി പാതയും ഷോർണൂർ മുതൽ എറണാകുളം വരെ മൂന്ന് വരിയും സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എറണാകുളം മുതൽ കോട്ടയം വഴി തിരുവനന്തപുരത്തേക്ക് മൂന്ന് ലൈനുകൾ സ്ഥാപിക്കും. അതിനുള്ള സ്ഥലം ഏറ്റെടുത്ത നടപടികൾ വേഗത്തിൽ പൂർത്തിയാക്കും. കേരളത്തിലെ 35 റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ശബരി റെയിലുമായി ബന്ധപ്പെട്ടുകൊണ്ട് ചില നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ കൈമാറിയുന്നു. കേന്ദ്രസർക്കാർ പദ്ധതി യാഥാർഥ്യമാക്കും. കേരള സർക്കാർ പദ്ധതി നടപ്പാക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ റെയിൽവേയും സർക്കാരും തമ്മിലുണ്ടാക്കിയ കരാറിനു സമാനമായി കേരളത്തിലും കരാർ ഉണ്ടാക്കും. ആ കരാറിന അടിസ്ഥാനപ്പെടുത്തി പദ്ധതി പൂർത്തിയാക്കുമെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.