റേഷൻ കാർഡ് മസ്റ്ററിംഗ് നവംബർ 30 വരെ തുടരും: ഭക്ഷ്യമന്ത്രി
Saturday, November 2, 2024 4:14 PM IST
തിരുവനന്തപുരം: മുൻഗണനാ റേഷൻ കാര്‍ഡ് ഉടമകളുടെ മസ്റ്ററിംഗ് നവംബർ 30 വരെ തുടരുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര് അനിൽ. സംസ്ഥാനത്ത് 85 ശതമാനം മസ്റ്ററിംഗ് പൂർത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.
16,75,686 എഎവൈ കാർഡ് അംഗങ്ങളും 1,12,73,363 പി എച്ച് എച്ച് കാർഡ് അംഗങ്ങളും മസ്റ്ററിങ് പൂർത്തിയാക്കി. മുഴുവൻ പേരും മസ്റ്ററിങ് പൂര്‍ത്തിയാക്കുന്നതിനായാണ് നവംബര്‍ 30വരെ ദീര്‍ഘിപ്പിച്ചത്. ഏറ്റവും കൂടുതൽ റേഷൻ കാര്‍ഡ് ഉടമകള്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയ മൂന്നാമത്തെ സംസ്ഥാനമായി കേരളം മാറിയെന്നും ജിആര്‍ അനിൽ പറഞ്ഞു.
ആദ്യഘട്ടത്തിൽ അപ്ഡേഷൻ ചെയ്യാൻ കഴിയാത്തവർക്കായി ഐറിസ് സ്കാനർ സംവിധാനം ഉപയോഗിക്കും. 242 ഐറിസ് സ്കാനറുകൾ താലൂക്ക് തലത്തിൽ സംസ്ഥാനത്തുണ്ട്. ഇതുവഴിയും മസ്റ്ററിംഗ് തുടരും. മേരാ കെവൈസി ആപ്പിന്റെ സാധ്യതകളും പരിശോധിക്കുന്നുണ്ട്.
ഇതോടെ മേരാ കെവൈസി ആപ്പ് ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. നവംബർ 11 മുതൽ ഈ ആപ്പിലൂടെ മസ്റ്ററിങ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഇത്തരത്തിൽ നവംബര്‍ 30നുള്ളിൽ 100ശതമാനം ഗുണഭോക്താക്കളുടെയും മസ്റ്ററിംഗ് പൂര്‍ത്തീയാക്കുമെന്നും ജി.ആർ. അനിൽ വ്യക്തമാക്കി.
മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിങിനുള്ള സമയ പരിധി നേരത്തെ നവംബര്‍ അഞ്ചുവരെയാണ് നീട്ടിയിരുന്നത്. ഇതാണിപ്പോള്‍ നവംബര്‍ 30വരെ തുടരുമെന്ന് മന്ത്രി അറിയിച്ചത്. മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കി നിശ്ചയിച്ചത്.