ഉപതെരഞ്ഞെടുപ്പ്: പ്രിയങ്കയും രാഹുലും ഞായറാഴ്ചമുതല്‍ ഏഴുവരെ വയനാട്ടില്‍
Saturday, November 2, 2024 2:22 PM IST
കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി പ്രചാരണത്തിനായി ഞായറാഴ്ച വയനാട്ടില്‍ വീണ്ടുമെത്തും. ഏഴുവരെ ഇവര്‍ വയനാട്ടില്‍ ഉണ്ടാകും. സഹോദരനും ലോക്സഭയിലെ പ്രതിപക്ഷനേതാവുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്ക്കൊപ്പം എത്തുന്നുണ്ട്.
മൂന്നിനു രാവിലെ 11ന് മാനന്തവാടി ഗാന്ധി പാർക്കിൽ പൊതുയോഗത്തിൽ ഇരുവരും പങ്കെടുക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് അരീക്കോട് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും. പ്രിയങ്ക ഗാന്ധി ഉച്ചയ്ക്ക് ഒന്നിന് വാളാട് ടൗണിലും 2.30ന് കോറോം ടൗണിലും 4.45ന് തരിയോടും കോർണർ യോഗത്തിൽ പങ്കെടുക്കും.
നാലിനു രാവിലെ 10ന് സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ കേണിച്ചിറയിൽ കോർണർ യോഗമാണ് പ്രിയങ്കയുടെ ആദ്യ പരിപാടി. 11ന് പുൽപ്പള്ളിയിലും 11.50ന് മുള്ളൻകൊല്ലി പാടിച്ചിറയിലും ഉച്ചകഴിഞ്ഞ് രണ്ടിന് മുട്ടിലിലും 3.50ന് വൈത്തിരിയിലും കോർണർ യോഗത്തിൽ പ്രസംഗിക്കും.
പ്രിയങ്ക ഗാന്ധി അഞ്ചിന് കൂടരഞ്ഞിയിൽ എത്തും. അഞ്ചിന് രാവിലെ 11 ന് കൂടരഞ്ഞിയിൽ നടക്കുന്ന റോഡ് ഷോയിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കും.