ബിജെപിയുടെ ചിഹ്നം താമരയ്ക്ക് പകരം ചാക്ക് ആക്കണം: മന്ത്രി റിയാസ്
Saturday, November 2, 2024 12:38 PM IST
തിരുവനന്തപുരം: ബിജെപിയുടെ ചിഹ്നം താമരയ്ക്ക് പകരം ചാക്ക് ആക്കി മാറ്റണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയം ഉറപ്പായതോടെ യുഡിഎഫ് ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും മന്ത്രി പറഞ്ഞു.
സംഘർഷം സൃഷ്ടിക്കാൻ യുഡിഎഫ് തീരുമാനിച്ചുവെന്നതിന്റെ തെളിവാണ് കെ.സുധാകരന്റെ ആഹ്വാനം. ചെറുതുരുത്തിയിൽ പഞ്ചായത്ത് പ്രസിഡന്റിനെ വരെ ആക്രമിച്ചു. പാലക്കാടും ചേലക്കരയിലും യുഡിഎഫ് തോൽവി ഉറപ്പിച്ചതോടെയാണ് സംഘർഷ നീക്കം.
അതേസമയം കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്കെതിരെ കെ.സുധാകരൻ ഒന്നും മിണ്ടുന്നില്ല. ബിജെപിയുടെ ചിഹ്നം താമരയ്ക്ക് പകരം ചാക്ക് ആക്കി മാറ്റണം. ഇഡി ബിജെപിയുടെ താളത്തിനൊത്ത് തുള്ളുകയാണ്. കഴിഞ്ഞ മൂന്ന് കൊല്ലം ഇഡി എവിടെയായിരുന്നു. സതീശൻ ഇഡിക്കെതിരെ മൗനം പാലിക്കുകയാണ്.
കൊടകര കുഴൽപ്പണ കേസിൽ ബിജെപി ഒറ്റപ്പെട്ടു നിൽക്കുമ്പോൾ അതിനെ എതിർക്കാൻ കെപിസിസി പ്രസിഡന്റിന് സമയമില്ല. ബിജെപി വിമർശനം ഉറക്കത്തിൽ പോലും വരാതിരിക്കാൻ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പ്രത്യേക ഗുളിക കഴിക്കുകയാണ്- മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.