സെർബിയയിൽ റെയിൽവേ സ്റ്റേഷന്റെ മേൽക്കൂര തകർന്നുവീണു: 14 മരണം
Saturday, November 2, 2024 6:04 AM IST
ബെൽഗ്രേഡ്: സെർബിയയിലെ നൊവി സാഡ് നഗരത്തിലെ റെയിൽവേ സ്റ്റേഷന്റെ മേൽക്കൂര തകർന്നുവീണു. അപകടത്തിൽ 14 പേർ മരിച്ചു. തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി രക്ഷാപ്രവർത്തകർ അറിയിച്ചു.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ആഭ്യന്തരമന്ത്രി ഇവിക ഡസിക് അറിയിച്ചു.
മരിച്ചവരിൽ ഒരാൾ നോർത്ത് മസെഡോണിയക്കാരനാണ്. അഞ്ച് പേരെ ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷ നൽകുമെന്ന് പ്രസിഡന്റ് അലക്സാണ്ടർ വുസിക് വ്യക്തമാക്കി.