യുവേഫ നേഷൻസ് ലീഗ്: ഇംഗ്ലണ്ടിനെ വീഴ്ത്തി ഗ്രീസ്
Friday, October 11, 2024 6:49 AM IST
ലണ്ടൻ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ മത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഗ്രീസ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഗ്രീസ് വിജയിച്ചത്.ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗ്രീസിന്റെ വാംഗെലിസ് പാവ്ലിദിസ് രണ്ട് ഗോളുകൾ നേടി.
മത്സരത്തിന്റെ 49-ാം മിനിറ്റിൽ ആണ് വാംഗെലിസ് ആദ്യം ഗോൾ നേടിയത്. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് താരം രണ്ടാം ഗോൾ സ്കോർ ചെയ്തത്. ഇതോടെയാണ് ഗ്രീസ് വിജയം ഉറപ്പിച്ചത്.
ഇംഗ്ലണ്ടിനായി സൂപ്പർ താരം ജൂഡ് ബെല്ലിംഗ്ഹാം ആണ് ഗോൾ നേടിയത്. 87-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്. വിജയത്തോടെ ലീഗ് ബിയിലെ ഗ്രൂപ്പ് രണ്ടിൽ ഗ്രീസ് ഒന്നാമതെത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒൻപത് പോയിന്റാണ് ഗ്രീസിനുള്ളത്. ആറ് പോയിന്റുള്ള ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്.