റിക്കാർഡ് കുതിപ്പിനിടെ താഴെവീണ് സ്വർണം; പവന് കുറഞ്ഞത് 160 രൂപ
Monday, October 7, 2024 11:57 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് റിക്കാർഡ് കുതിപ്പിൽ നിന്ന് ബ്രേക്കിട്ട സ്വർണവില താഴേക്ക്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില പവന് 56,800 രൂപയിലും ഗ്രാമിന് 7,100 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,870 രൂപയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 56,960 രൂപയിൽ നിന്നാണ് സ്വർണവില കുറഞ്ഞത്.
ഒക്ടോബർ ഒന്നിന് ഒരു പവൻ സ്വർണത്തിന്റെ വില 56,400 ആയിരുന്നു. രണ്ടിന് 400 രൂപ വർധിച്ചു കൊണ്ട് 56,800 രൂപയിലെത്തി. തുടർന്ന് മൂന്നിന് 80 രൂപ വർധിച്ചുകൊണ്ട് ഒരു പവൻ സ്വർണത്തിന് 56,880 രൂപയെത്തി. നാലിന് 80 രൂപ വർധിച്ചുകൊണ്ട് 56,960 ആയി. തുടർന്ന് 57,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ അഞ്ചിനും ആറിനും വില മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് താഴേക്കുപോയത്.
സെപ്റ്റംബറിൽ 2685 ഡോളറിലെത്തിയിരുന്ന സ്വർണവില നിലവിൽ 2,646.61 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയാണ്.