എഡിജിപി ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ല, മുഖ്യമന്ത്രിയുടെ വാക്കുകൾ മാനിക്കുന്നു: ബിനോയ് വിശ്വം
Saturday, October 5, 2024 3:17 PM IST
തിരുവനന്തപുരം: എഡിജിപിയെ മാറ്റണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
ഇക്കാര്യം എന്നും ചോദിക്കേണ്ട കാര്യമില്ല. റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ആ വാക്കുകളെ മാനിക്കാൻ സിപിഐക്ക് രാഷ്ട്രീയ കടമയുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൽഡിഎഫ് സർക്കാർ കൃത്യമായി നിലപാടെടുക്കും.
പ്രകാശ് ബാബുവുമായി ഒരു ഭിന്നതയുമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. പാർട്ടി കമ്മിറ്റികളിൽ ചർച്ച വേണം. ഏത് പാർട്ടി സഖാവിനും ഘടകത്തിൽ അഭിപ്രായം പറയാൻ അവകാശമുണ്ട്. സിപിഐയിൽ ഒരാൾക്ക് മാത്രമേ മിണ്ടാനാകൂ എന്നതല്ല സ്ഥിതി.
ഉൾപ്പാർട്ടി ജനാധിപത്യം പൂർണമായി പാലിക്കുന്ന പാർട്ടിയാണ് സിപിഐ. കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ പരിപൂർണ്ണമായ സംഘടന ഐക്യവും രാഷ്ട്രീയവും ഉണ്ട്. ചർച്ചചെയ്ത് കൂട്ടായ തീരുമാനങ്ങളിലൂടെയാണ് സംഘടനാ കാര്യങ്ങൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.