തോമസ് ചെറിയാന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും
Friday, October 4, 2024 7:26 AM IST
പത്തനംതിട്ട: 56 വർഷം മുന്പ് ഹിമാചലിലെ റോത്തോങ്ങിലെ മഞ്ഞുമലയിൽ വിമാനം തകർന്നു മരിച്ച സൈനികൻ ഇലന്തൂർ ഒടാലിൽ തോമസ് ചെറിയാന്റെ സംസ്കാര ശുശ്രൂഷ ഇന്ന് ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.
ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം കരസേന ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി ഗാർഡ് ഓണർ നൽകി. തുടർന്ന് മന്ത്രി വീണാ ജോർജ് സംസ്ഥാന സർക്കാരിനുവേണ്ടി ആദരാഞ്ജലി അർപ്പിച്ചു.
അവിടെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്നു രാവിലെ സൈനികോദ്യോഗസ്ഥർ ഇലന്തൂരിലെത്തിക്കും. രാവിലെ 10.30ന് ഇലന്തൂർ മാർക്കറ്റ് ജംഗ്ഷനിൽ നിന്നു വിലാപയാത്രയായി വീട്ടിലേക്കു കൊണ്ടുപോകും. പ്രത്യേകം തയാറാക്കിയ കല്ലറയിലാണ് മൃതദേഹം സംസ്കരിക്കുക.