നാലാം ദിവസവും താഴേക്ക്; സ്വർണവിലയിലെ ഇടിവ് തുടരുന്നു
Tuesday, October 1, 2024 10:37 AM IST
കൊച്ചി: സംസ്ഥാനത്ത് നാലാംദിനവും സ്വർണവില താഴേക്ക്. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 56,400 രൂപയിലും ഗ്രാമിന് 7,050 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം18 കാരറ്റ് സ്വർണത്തിന്റെ വില 5,835 രൂപയാണ്.
തുടര്‍ച്ചയായ ആറ് ദിവസത്തെ മുന്നേറ്റത്തിനു ശേഷമാണ് കഴിഞ്ഞ ശനിയാഴ്ച വിലയില്‍ ഇടിവുണ്ടായത്. നാല് ദിവസംകൊണ്ട് പവന് 400 രൂപയോളമാണ് കുറഞ്ഞത്.
അതിനു മുമ്പ് കഴിഞ്ഞ വെള്ളിയാഴ്ച പവന് 320 രൂപയും ബുധനാഴ്ച പവന് 480 രൂപയും വർധിച്ചിരുന്നു. ഒരാഴ്ചയ്ക്കിടെ ഏകദേശം 2,200 രൂപയാണ് വര്‍ധിച്ചത്. വെള്ളിയാഴ്ച രേഖപ്പെടുത്തിയ ഗ്രാമിന് 7,100 രൂപയും പവന് 56,800 രൂപയുമാണ് കേരളത്തിലെ സർവകാല റിക്കാർഡ് വില. 5,7000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്.
മേയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റിക്കാര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. സെപ്റ്റംബർ ഒന്നിന് 53,560 രൂപയായിരുന്നു വില. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായ 53,360 രൂപയിലാണ് സ്വർണമെത്തിയത്. പടിപടി ഉയര്‍ന്ന സ്വര്‍ണവില സെപ്റ്റംബര്‍ 16നാണ് വീണ്ടും 55,000 കടന്നത്.
അതേസമയം, ഇന്നത്തെ വെള്ളി വിലയിലും വർധനയാണ് രേഖപ്പെടുത്തുന്നത്. ഇന്ന് ഗ്രാമിന് 100.90 രൂപയും കിലോഗ്രാമിന് 1,00,900 രൂപയുമാണ് വില.