കൊലവിളിക്ക് മറുപടിയുമായി അൻവർ; കാലുവെട്ടിയാൽ വീൽചെയറിൽ വരും
Sunday, September 29, 2024 9:25 PM IST
മലപ്പുറം: സിപിഎം പ്രവർത്തകർ നടത്തിയ കൊലവിളി പ്രസംഗത്തിന് മറുപടിയുമായി പി.വി.അൻവർ എംഎൽഎ. കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും അൻവർ പറഞ്ഞു. എന്നെ എംഎൽഎ ആക്കിയവരാണ് ഈ നാട്ടിലെ മഹാഭൂരിപക്ഷം സഖാക്കളും.
രാപ്പകലില്ലാതെ അധ്വാനിച്ചവരാണ്. ഞാൻ മറക്കൂല്ല. നിങ്ങൾ കാല് വെട്ടാൻ വന്നാലും ആ കാല് നിങ്ങൾ കൊണ്ടുപോയാലും ഞാൻ വീൽ ചെയറിൽ വരും. അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതണ്ട. വെടിവെച്ചു കൊല്ലേണ്ടി വരും. പറ്റുമെങ്കിൽ ചെയ്യ്. അല്ലെങ്കിൽ ജയിലിലിൽ അടക്കേണ്ടി വരും. പലതും വരുന്നുണ്ടല്ലോ. ഞാൻ ഏതായാലും ഒരുങ്ങി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാമി കേസ് എന്താണ് തെളിയാത്തതെന്നും അദ്ദേഹം ചോദിച്ചു. മാമി കൊലപാതകത്തിൽ അജിത് കുമാർ നേരിട്ട് ഇടപെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചാൽ തെളിയും. മാമിയുമായി ഇടപാട് ഉള്ളവരെയെല്ലാം സ്വകാര്യമായി ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയാണ്. ഇതൊന്നും പോലീസ് അറിയുന്നില്ല. വിളിച്ചുവരുത്തിയവരെ അന്വേഷണ ഉദ്യോഗസ്ഥൻ വിരട്ടും.
മാനക്കേട് ഭയന്ന് എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന് ഇവർ പറയും. അഞ്ചും പത്തും അമ്പത് ലക്ഷം വരെ കൊടുത്തവരുണ്ട്. ഈ വിഷയത്തിൽ ഞാൻ ഇടപെട്ടപ്പോഴാണ് അത് നിന്നത്. മാമിയുടെ കാര്യം എന്തായെന്ന് നാളെ കോഴിക്കോട് വിശദീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു അൻവർ പോയാൽ മറ്റൊരു അൻവർ വരണം.
ചെറുപ്പക്കാർ ഈ പോരാട്ടത്തിൽ നിന്നും പിന്തിരിയരുത്. 2036 ലാണ് സംഘപരിവാർ പ്ലാൻ ചെയ്യുന്ന കാര്യം നടക്കാൻ പോകുന്നത്. 2026 ൽ 25 സീറ്റാണ് ബിജെപി പ്ലാൻ ചെയ്യുന്നത്. അവരത് പിടിച്ചിരിക്കും. 2031ൽ അവർ സംസ്ഥാനത്ത് അധികാരത്തിൽ വരും. അവർക്ക് ധൃതിയില്ലെന്നും അൻവർ പറഞ്ഞു
തനിക്കെതിരെ കേസെടുത്ത വാർത്ത വന്നപ്പോൾ ഞാൻ കൂടെ നിൽക്കുന്നവരോട് പറഞ്ഞത് സിഗററ്റ് ജയിലിലേക്ക് കൊണ്ടുതരണമെന്നാണ്. അത് ജയിലിൽ കിട്ടില്ല. ഞാൻ ഓരോ ദിവസവും ഓരോ മണിക്കൂറിലും തയാറെടുത്ത് നില്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.