ഹോൺ മുഴക്കിയതിനെ ചൊല്ലി തർക്കം; മധ്യവയസ്ക്കനെ മർദിച്ചവശനാക്കിയ സംഘം അറസ്റ്റിൽ
Sunday, September 29, 2024 3:48 PM IST
തിരുവനന്തപുരം: ഹോൺ മുഴക്കിയതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മധ്യവയസ്ക്കനെ മർദിച്ച് അവശനാക്കിയ നാലംഗ സംഘം അറസ്റ്റിൽ. ദേശീയപാത ഉദിയൻകുളങ്ങരയിലാണ് സംഭവം.
ബാലരാമപുരം, നെല്ലിവിള സ്വദേശികളായ സച്ചിൻ (25), അഖിൽ (22), ബാലരാമപുരം തേരി വിള വീട്ടിൽ വിജിത്ത് (24 ) ഉച്ചക്കട രേവതി നിവാസിൽ ശ്യാം ലാൽ (22) എന്നിവരെയാണ് പാറശാല പോലീസ് പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മദ്യലഹരിയിൽ ബൈക്കിലെത്തിയ നാലംഗ സംഘം ഉദിയൻകുളങ്ങര ജംഗ്ഷന് സമീപം റോഡിൽ അഭ്യാസ പ്രകടനം നടത്തിയിരുന്നു. ഈ സമയം ഇവിടെയെത്തിയ പ്രഭുകുമാർ മുന്നിലേക്ക് കടക്കാൻ സാധിക്കാതെ വന്നതോടെ ബൈക്കിന്റെ ഹോൺ മുഴക്കിയത് യുവാക്കളെ പ്രകോപിപ്പിച്ചു. തുടർന്ന് നാലംഗ സംഘം പ്രഭുകുമാറുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും വളഞ്ഞിട്ട് മർദിക്കുകയായിരുന്നു.
നാട്ടുകാർ എത്തിയതോടെ നാലാംഗ സംഘം ബൈക്കുമായി രക്ഷപ്പെടുകയായിരുന്നു. പ്രഭു കുമാർ പാറശാല പോലീസിൽ പരാതി നൽകി. പാറശാല എസ്എച്ചഒ സജികുമാറിന്റെ നേതൃത്യത്തിൽ നാലംഗ സംഘത്തെ പിടികൂടുകയായിരുന്നു. പ്രതികളെ കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു.