കേരള തീരത്ത് ഉയർന്ന തിരമാല... ജാഗ്രത !
Sunday, September 29, 2024 1:23 PM IST
തിരുവനന്തപുരം: കേരള തീരത്ത് ഞായറാഴ്ച രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
തമിഴ്നാട് തീരത്ത് തിങ്കഴാഴ്ച രാത്രി 11.30 വരെ 1.2 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്.
കന്യാകുമാരി, തിരുനെൽവേലി തീരങ്ങളിൽ തിങ്കളാഴ്ച രാത്രി ഏഴ് വരെ സമുദ്രജലപ്രവാഹത്തിന് വ്യതിയാനം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
സമുദ്രോപരിതലത്തിൽ സെക്കന്റിൽ 1.0 മുതൽ 1.3 മീറ്റർ വരെ ഒഴുക്കുണ്ടാകാൻ സാധ്യത എന്നാണ് അറിയിച്ചിരിക്കുന്നത്. ലക്ഷദ്വീപ് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജാഗ്രത നിർദേശങ്ങൾ
1 കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2 മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3 ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.