തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിൻ ഇന്ന് സത്യപ്രതിജ്ഞചെയ്യും
Sunday, September 29, 2024 6:54 AM IST
ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിൻ ഇന്ന് സത്യപ്രതിജ്ഞചെയ്യും. വൈകുന്നേരം 3.30ന് ആണ് സത്യപ്രതിജ്ഞ. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഗവർണർക്ക് കത്തു നൽകി.
ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കള്ളപ്പണ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ സെന്തിൽ ബാലാജിയെ വീണ്ടും മന്ത്രിയാക്കി. ഇതോടെ ബാലാജി അടക്കം നാലു പുതിയ മന്ത്രിമാരാണ് മന്ത്രിസഭയിലെത്തുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നടത്തിയ പ്രചാരണത്തിലൂടെയാണ് ഉദയനിധി രാഷ്ട്രീയത്തിൽ സജീവമായത്. കരുണാനിധിയുടെ പഴയമണ്ഡലത്തിൽനിന്ന് വിജയിച്ച ഉദയനിധിക്ക് പിന്നീട് കായികമന്ത്രിസ്ഥാനം നൽകി.
സ്റ്റാലിന്റെ പാതയില്‍ തന്നെയാണ് ഉദയനിധിക്കും വഴിയൊരുങ്ങുന്നത്. കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയത്.