ഹിസ്ബുള്ള ആസ്ഥാനത്തെ വ്യോമാക്രമണം: ഹസന് നസ്റുള്ളയെ വധിച്ചതായി ഇസ്രേലി സൈന്യം
Saturday, September 28, 2024 3:10 PM IST
ജറുസലം: ലബനനിലെ ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള മേധാവി ഹസൻ നസ്റുള്ളയെ വധിച്ചതായി ഇസ്രേലി സൈന്യം. വെള്ളിയാഴ്ച തെക്കൻ ബെയ്റൂട്ടിലെ ദഹിയയിൽ ഹിസ്ബുള്ള ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് നസ്റുള്ള കൊല്ലപ്പെട്ടതെന്ന് സൈന്യം അവകാശപ്പെട്ടത്.
ഇനി ലോകത്തെ ഭീതിയിലാക്കാന്‍ നസ്റുള്ളയ്ക്ക് കഴിയില്ലെന്ന് ഇസ്രേലി സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, ഹിസ്ബുള്ള ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഹിസ്ബുള്ളയുടെ സെൻട്രൽ കമാൻഡ് ആസ്ഥാനം ലക്ഷ്യമിട്ട മിസൈൽ ആക്രമണത്തിൽ വൻസ്ഫോടനങ്ങളോടെ നാലു കെട്ടിടസമുച്ചയങ്ങൾ തകർന്നടിഞ്ഞു. സ്ഫോടനത്തിന്റെ ആഘാതത്തിൽ 24 കിലോമീറ്റർ അകലെയുള്ള കെട്ടിടങ്ങളും കുലുങ്ങി.
കഴിഞ്ഞ വെള്ളിയാഴ്ച, ഹിസ്ബുല്ലയുടെ മുതിർന്ന നേതാവ് ഇബ്രാഹിം ആക്വിൽ കൊല്ലപ്പെട്ടത് ദഹിയയിൽ ഇസ്രയേൽ നടത്തിയ സമാനമായ ആക്രമണത്തിലാണ്. തിങ്കളാഴ്ചയ്ക്കുശേഷം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ലബനനിൽ എഴുനൂറോളം പേർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.