ആർഎസ്എസ് കൂടിക്കാഴ്ച വ്യക്തിപരമെന്ന് ആവർത്തിച്ച് എഡിജിപി; മൊഴി രേഖപ്പെടുത്തി ഡിജിപി
Saturday, September 28, 2024 11:02 AM IST
തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ എഡിജിപി എം.ആര്. അജിത്കുമാറിന്റെ മൊഴി രേഖപ്പെടുത്തി. പോലീസ് ആസ്ഥാനത്ത് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബാണ് മൊഴി രേഖപ്പെടുത്തിയത്.
ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്വകാര്യ സന്ദർശനം മാത്രമാണെന്ന് എഡിജിപി ആവർത്തിച്ചു. സുഹൃത്തായ എ. ജയകുമാറിന്റെ ക്ഷണം സ്വീകരിച്ചാണ് തൃശൂരിൽ ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയതെന്നും ഔദ്യോഗിക വാഹനം ഉപയോഗിച്ചിട്ടില്ലെന്നും ഡിജിപിക്ക് നൽകിയ മൊഴിയിൽ അദ്ദേഹം പറഞ്ഞു.
കോവളത്ത് ഒരു മാധ്യമ സ്ഥാപനത്തിന്റെ കോൺക്ലേവിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് റാം മാധവിനെ കണ്ടതെന്നും അത് വ്യക്തിപരമായ പരിചയപ്പെടൽ മാത്രമായിരുന്നുവെന്നും എഡിജിപി മൊഴി നൽകി.