പോലീസ് അനുമതി നൽകിയില്ല; ജഗന് മോഹന്‍ റെഡ്ഡി തിരുപ്പതി സന്ദർശനം റദ്ദാക്കി
Friday, September 27, 2024 11:36 PM IST
അമരാവതി: പോലീസ് അനുമതി ലഭിക്കാത്തതിനാൽ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്ര സന്ദർശനം മുന്‍ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്.ജഗന് മോഹന്‍ റെഡ്ഡി റദ്ദാക്കി. വെള്ളിയാഴ്ച രാത്രി തിരുമലയിലെത്തി ശനിയാഴ്ച ക്ഷേത്ര ദര്‍ശനം നടത്താനാണ് തീരുമാനിച്ചിരുന്നത്.
നേരത്തേ തിരുപ്പതി ലഡുവുമായി ബന്ധപ്പെട്ട് കള്ളം പരത്തുന്ന ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ശാസിക്കണമെന്നാശ്യപ്പെട്ട് ജഗൻ മോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരുന്നു. ചന്ദ്രബാബു നായിഡുവിന്റെ നൂറ് ദിവസത്തെ ഭരണപരാജയത്തെ വഴിതിരിച്ചുവിടാനാണ് ലഡു വിവാദം ഉണ്ടാക്കിയത്.
രാഷ്ട്രീയലക്ഷ്യങ്ങൾക്കായി കോടിക്കണക്കിന് പേരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിൽ നായിഡു അധഃപതിച്ചെന്ന് കത്തിൽ ജഗൻ വിമർശനവുമുന്നയിച്ചു.
വൈ.എസ്. ജഗൻമോഹൻ റെഡ്ഡി ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന കാലത്ത് തിരുമല ക്ഷേത്രത്തിൽ നിർമിച്ച ലഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയെന്ന ചന്ദ്രബാബു നായിഡുവിന്റെ ആരോപണങ്ങളാണ് വിവാദത്തിന് തുടക്കമിട്ടത്.