ഇനിയല്പം വിശ്രമമാകാം; റിക്കാർഡ് വിലയിൽ ബ്രേക്കിട്ട് സ്വര്‍ണവില
Thursday, September 26, 2024 11:42 AM IST
കൊച്ചി: സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സഡൻബ്രേക്കിട്ട് സ്വർണം. അഞ്ചുദിവസത്തെ കുതിപ്പിനു ശേഷം ഇന്ന് മാറ്റമില്ലാതെ തുടരുകയാണ് സ്വർണവില. ഗ്രാമിന് 7,060 രൂപയിലും പവന് 56,480 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണവില 5,840 രൂപയാണ്.
ബുധനാഴ്ച ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർധിച്ച് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വീതം വർധിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച പവന് 600 രൂപയും വെള്ളിയാഴ്ച 480 രൂപയും കൂടിയിരുന്നു. ഇതോടെ, ആറു ദിവസത്തിനിടെ 1,880 രൂപയാണ് വര്‍ധിച്ചത്. മൂന്നാഴ്ചക്കിടെ കൂടിയത് 3,100 രൂപയിലേറെയാണ്.
മേയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റിക്കാര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. സെപ്റ്റംബർ ഒന്നിന് 53,560 രൂപയായിരുന്നു വില. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായ 53,360 രൂപയിലാണ് സ്വർണമെത്തിയത്. പടിപടി ഉയര്‍ന്ന സ്വര്‍ണവില സെപ്റ്റംബര്‍ 16നാണ് വീണ്ടും 55,000 കടന്നത്.
എന്നാല്‍ പിന്നീടുള്ള മൂന്ന് ദിവസം ഇടിഞ്ഞതോടെ സ്വര്‍ണവില വീണ്ടും 55,000ല്‍ താഴെയെത്തി. എന്നാല്‍ ആറുദിവസമായി വീണ്ടും കുതിപ്പ് തുടര്‍ന്നതോടെ പുതിയ ഉയരം കുറിക്കുകയായിരുന്നു.
പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് സ്വർണവിലയിൽ ഇപ്പോൾ വർധനവ് ഉണ്ടായിരിക്കുന്നത്.
അതേസമയം, വെള്ളി വില ഇന്നും ഉയർന്നിട്ടുണ്ട്. ഒരു രൂപ വർധിച്ച് ഒരു ഗ്രാം വെള്ളിയുടെ വില 99 രൂപയായി.