പെൺസുഹൃത്തിനെ കാണാൻ അതിർത്തി കടക്കാൻ ശ്രമം; കാഷ്മീർ യുവാവ് ഗുജറാത്തിൽ പിടിയിൽ
Thursday, September 26, 2024 1:33 AM IST
അഹമ്മദാബാദ്: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺസുഹൃത്തിനെ കാണാൻ അതിർത്തി കടന്ന് പാക്കിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ജമ്മുകാഷ്മീരിലെ ബന്ദിപ്പോര സ്വദേശിയായ ഇംതിയാസ് ഷെയ്ഖ്(36) ആണ് പിടിയിലായത്.
ഗുജറാത്തിലെ കച്ച് ജില്ലയിലെ ഖവ്ദ ഗ്രാമത്തിൽ കൂടിയാണ് ഇയാൾ അതിർത്തി കടക്കാൻ ശ്രമിച്ചത്. പാക്കിസ്ഥാനിലെ മുള്ടാനിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിയെ കാണാനായിരുന്നു ഇയാളുടെ സാഹസം.
കച്ച് അതിർത്തി വഴി നിയമപരമായി പാക്കിസ്ഥാനിൽ പ്രവേശിക്കാൻ കഴിയുമെന്ന് വിശ്വസിച്ച ഷെയ്ഖ്, അധികാരികളിൽ നിന്ന് അനുമതി നേടുന്നതിന് പ്രദേശവാസികളുടെ സഹായം തേടി. വിവരമറിഞ്ഞെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
പോലീസ് പ്രാഥമിക അന്വേഷണം നടത്തിയതിന് പിന്നാലെ ഇയാളെ വിട്ടയക്കുകയായിരുന്നു. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്ന് പോലീസ് കണ്ടെത്തി.