പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ; കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച് മമ്മൂട്ടി
Friday, September 20, 2024 10:13 PM IST
കൊച്ചി: നടി കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച് നടൻ മമ്മൂട്ടി. പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായി മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു കവിയൂർ പൊന്നമ്മയുടെ അന്ത്യം. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച അഭിനേത്രിയായിരുന്നു അവർ.
ഗായികയായി കലാജീവിതമാരംഭിച്ച പൊന്നമ്മ നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിൽ എത്തുകയായിരുന്നു. പതിനാലാം വയസിൽ, കാളിദാസ കലാകേന്ദ്രത്തിലെ നൃത്ത അധ്യാപകൻ തങ്കപ്പൻ മാസ്റ്ററുടെ നിർബന്ധത്തിലാണ് ആദ്യമായി സിനിമയിലഭിനയിച്ചത്.
നാന്നൂറിലധികം സിനിമകളിൽ അഭിനയിച്ചു. കെപിഎസി നാടകങ്ങളില്‍ അഭിനയിച്ചായിരുന്നു തുടക്കം. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 2021 ൽ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ചിത്രമാണ് അവസാനമായി കവിയൂർ പൊന്നമ്മ വേഷമിട്ട ചിത്രം. ഏക മകൾ ബിന്ദു യുഎസിലാണ്.