നിപ: വീണ്ടും കേന്ദ്ര സംഘമെത്തും
Friday, September 20, 2024 3:47 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ രോഗബാധ ആവർത്തിക്കുന്ന സാഹചര്യത്തിൽ വീണ്ടും കേന്ദ്രസംഘം എത്തുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൺ ഹെൽത്ത്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കും കേന്ദ്ര സംഘം കേരളത്തിൽ പഠനത്തിനായെത്തുക.
കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുത്ത സ്ഥലങ്ങൾ സംഘം സന്ദർശിക്കും. രോഗവാഹകരെന്ന് കരുതുന്ന പഴം തീനി വവ്വാലുകളെ സംഘം നിരീക്ഷിക്കും.
നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ 267 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. 37 പേരുടെ സാമ്പിൾ നെഗറ്റീവായി. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 81 പേർ ആരോഗ്യ പ്രവർത്തകരാണ്.
177 പേർ പ്രൈമറി കോൺടാക്ട് പട്ടികയിലും 90 പേർ സെക്കൻഡറി കോൺടാക്ട് പട്ടികയുമാണ്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്ക് കാറ്റഗറിയിലുള്ളത്.