രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് അശ്വിനും ജഡേജയും മടങ്ങി; പിന്നാലെ 376ന് ഇന്ത്യ പുറത്ത്
Friday, September 20, 2024 11:25 AM IST
ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സിൽ ഇന്ത്യ 376 റണ്‍സിന് പുറത്ത്. വൻ തകർച്ചയിൽനിന്ന് ടീമിനെ കരകയറ്റിയ ആർ. അശ്വിനും (113) രവീന്ദ്ര ജഡേജയും (86) പുറത്തായതിനു പിന്നാലെ ഇന്ത്യ വീണ്ടും തകർച്ചയെ നേരിടുകയായിരുന്നു. ഏഴാം വിക്കറ്റില്‍ 199 റണ്‍സിന്റെ റിക്കാര്‍ഡ് കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ഇന്ത്യൻ സഖ്യം പിരിഞ്ഞത്.
376 റണ്‍സിന് ഓള് ഔട്ടായി. പേസര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റെടുത്ത ടസ്കിന് അഹമ്മദും അഞ്ച് വിക്കറ്റ് തികച്ച ഹസന് മഹ്മൂദും ചേര്‍ന്നാണ് ഇന്ത്യയെ ആദ്യ സെഷനില്‍ തന്നെ പുറത്താക്കിയത്. 113 റണ്‍സെടുത്ത ആര് അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ആറിന് 339 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽതന്നെ ജഡേജയെ നഷ്ടമായി. പേസര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ആദ്യ സെഷനില്‍ തുടക്കത്തിൽതന്നെ ന്യൂബോളെടുത്ത ബംഗ്ലാദേശിന്റെ തന്ത്രം ഫലിച്ചു. തലേന്നത്തെ സ്കോറിനോട് ഒരു റണ്‍പോലും കൂട്ടിച്ചേര്‍ക്കാനാകാതെ ജഡേജ ടസ്കിന് അഹമ്മദിന്റെ പന്തില്‍ ലിറ്റണ്‍ ദാസിന് പിടികൊടുത്തു മടങ്ങുകയായിരുന്നു. 10 ബൗണ്ടറിയും രണ്ട് സിക്സറും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്സ്.
പിന്നാലെ ക്രീസിലെത്തിയ ആകാശ് ദീപിനെയും (17) ടസ്കിന് അഹമ്മദ് വീഴ്ത്തി. പിന്നീട് ജസ്പ്രീത് ബുമ്രയെ (ആറ്) ഒരറ്റത്ത് നിർത്തി അശ്വിൻ ഒറ്റയ്ക്ക് പൊരുതി. സ്കോർ 374 റൺസില്‍ നില്‍ക്കെ ടസ്കിന്റെ പന്തിൽ അശ്വിൻ പുറത്തായി. 133 പന്തില്‍ 11 ബൗണ്ടറിയും രണ്ട് സിക്സറുമുൾപ്പെടെ 113 റണ്‍സെടുത്ത അശ്വിനാണ് ടോപ് സ്കോറർ.
അശ്വിന് പുറത്തായതിനു പിന്നാലെ ബുമ്രയെ വീഴ്ത്തി ഇന്ത്യൻ വിക്കറ്റ് വീഴ്ച പൂർത്തിയാക്കിയ ഹസന് മഹ്മൂദ് തന്റെ കരിയറിലെ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. മുഹമ്മദ് സിറാജ് റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.
ബംഗ്ലാദേശിനായി ഹസന് മഹ്മൂദ് 83 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ ടസ്കിന് അഹമ്മദ് 55 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ആറോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസെടുത്തിട്ടുണ്ട്. രണ്ടു റൺസെടുത്ത ശദ്മാൻ ഇസ്ലാമിനെ ജസ്പ്രീത് ബുമ്ര ബൗൾഡാക്കുകയായിരുന്നു. മൂന്നു റൺസുമായി സാക്കിർ ഹസനും 11 റൺസുമായി നായകൻ നജ്മുൾ ഹുസൈൻ ഷാന്റോയുമാണ് ക്രീസിൽ.