രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടുവിനെതിരെ കേസ്
Thursday, September 19, 2024 7:52 PM IST
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഭീകരവാദിയാണെന്ന പരാമർശത്തിൽ കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടുവിനെതിരെ പോലീസ് കേസെടുത്തു. കർണാടക കോൺഗ്രസ് സമർപ്പിച്ച പരാതിയിന്മേലാണ് നടപടി.
രാഹുൽ ഗാന്ധി അമേരിക്കൻ സന്ദർശനത്തിൽ നടത്തിയ പരാമർശങ്ങളെ വിമർശിക്കവെയാണ് രവ്നീത് സിംഗ് ബിട്ടു രാഹുൽ ഗാന്ധി ഭീകരവാദിയാണെന്ന് അധിക്ഷേപിച്ചത്.
രാഹുൽ ഗാന്ധി ഇന്ത്യക്കാരനല്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു. ഭൂരിഭാഗം സമയവും രാഹുൽ ഇന്ത്യക്ക് പുറത്താണ് ചിലവഴിക്കുന്നത്. രാജ്യത്തെ രാഹുൽ സ്നേഹിക്കുന്നില്ല. അതിനാലാണ് വിദേശത്ത് പോയി ഇന്ത്യയെ കുറിച്ച് മോശമായി പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പിടികിട്ടാപ്പുള്ളികളും വിഘടനവാദികളും, ബോംബും തോക്കുമെല്ലാം നിർമിക്കുന്നവരുമാണ് രാഹുൽ ഗാന്ധി പറയുന്നതിനെ പിന്തുണയ്ക്കുന്നതെന്നു രവ്നീത് സിംഗ് ബിട്ടു പറഞ്ഞു.