ഹേമ കമ്മിറ്റി: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് അന്വേഷണ സംഘം
Thursday, September 19, 2024 1:27 PM IST
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയ 20 ചലച്ചിത്ര പ്രവർത്തകരുടെ മൊഴി അതീവഗൗരവ സ്വഭാവമുള്ളതാണെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ബുധനാഴ്ച ഡിജിപി ഷേഖ് ദർബേഷ് സാഹിബ്, ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ്, പ്രത്യേക അന്വേഷണ സംഘത്തലവനായ സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻകുമാർ, ഡിഐജി. അജിതാ ബീഗം മറ്റ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുമാണു യോഗത്തിൽ പങ്കെടുത്തത്.
ഗൗരവസ്വഭാവമുള്ള മൊഴികൾ നൽകിയ ചലച്ചിത്ര പ്രവർത്തകരായ വനിതകളെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ നേരിൽക്കണ്ടു വിവരങ്ങൾ ചോദിക്കാൻ യോഗത്തിൽ തീരുമാനിച്ചിരുന്നു. നിയമനടപടികളുമായി മുന്നോട്ടുപോകാൻ താത്പര്യമുണ്ടെങ്കിൽ വിശദമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലും സർക്കാരിന്റെ നിർദേശപ്രകാരവും കുറ്റക്കാർക്കെതിരേ 10 ദിവസത്തിനകം കേസ് രജിസ്റ്റർ ചെയ്യാനുമാണു തീരുമാനിച്ചിരിക്കുന്നത്.
3,800 ൽപ്പരം പേജുകൾ അടങ്ങുന്നതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥർ പല ഭാഗങ്ങളായി ഇത്രയും പേജുകൾ വായിച്ചിരുന്നു. ഓരോ വനിത ഉദ്യോഗസ്ഥരും മൊഴികൾ വായിക്കും. അതിന് ശേഷം ഗൗരവമെന്ന് വിലയിരുത്തിയ 20 പേരെ ആദ്യഘട്ടത്തിലും അവശേഷിക്കുന്നവരെ രണ്ടാം ഘട്ടത്തിലും നേരിട്ടു ബന്ധപ്പെടും.
ഇതിൽ പേരും മേൽവിലാസവും നൽകാതെ മൊഴി നൽകിയിട്ടുള്ളവർ ആരാണെന്ന് ഹേമ കമ്മിറ്റി അംഗങ്ങളിൽ നിന്നും സാംസ്കാരിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും വിവരശേഖരണം നടത്താനും യോഗത്തിൽ ധാരണയായിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ നടപടി സ്വീകരിക്കാത്ത സംസ്ഥാന സർക്കാരിനെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. നാലു വർഷം റിപ്പോർട്ട് കൈയിൽ വച്ചിട്ട് നടപടി സ്വീകരിക്കാത്ത സർക്കാർ രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥമാണെന്ന് കോടതി വിമർശിച്ചിരുന്നു. കൂടാതെ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം അന്വേഷണ സംഘത്തിന് കൈമാറണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇതേ തുടർന്ന് ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള ആരോപണത്തിൽ അന്വേഷണം നടത്താനുള്ള പോലീസ് സംഘത്തിനെ തീരുമാനിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇനിയും പുറത്തിറക്കിയിട്ടില്ല. പുതുതായി ഉയർന്ന് വന്ന പല ചലച്ചിത്ര പ്രവർത്തകമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ 23 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
സംവിധായകൻ രഞ്ജിത്ത്, മുകേഷ്, സിദ്ധിഖ്, ജയസൂര്യ, ഇടവേള ബാബു, ബാബുരാജ് ഉൾപ്പെടെയുള്ളവർക്കെതിരേയാണ് വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തത്.