കടംകയറിയ യുവാവ് 50 ലാപ്ടോപ്പുകൾ മോഷ്ടിച്ചു, അറസ്റ്റിലായി
Thursday, September 19, 2024 7:45 AM IST
ബംഗളൂരു: ബംഗളൂരു സിറ്റിയിലെ വൈറ്റ്ഫീൽഡിലുള്ള മൾട്ടിമീഡിയ കന്പനിയുടെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്ന ഇരുപത്തിയൊന്പതുകാരനെ കന്പനിയുടെ 50 ലാപ്ടോപ്പുകൾ മോഷ്ടിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട്ടിലെ ഹൊസൂർ സ്വദേശി എം. മുരുകേശ് ആണു പിടിയിലായത്. നേരത്തേ തക്കാളിക്കൃഷിയും സൈബർ സെന്റർ വ്യവസായവും മൂലം ഇയാൾക്ക് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിരുന്നു. ഇതാണു മോഷണത്തിനു ഇയാളെ പ്രേരിപ്പിച്ചതെന്നു പോലീസ് പറഞ്ഞു.
22 ലക്ഷം രൂപയുടെ ലാപ്ടോപ്പുകളാണ് ഇയാൾ മോഷ്ടിച്ചത്. ലാപ്ടോപ്പുകൾ ഹൊസൂറിലെ ഒരു കടയിൽ വിറ്റതായും ഇയാൾ മൊഴി നല്കി. കന്പനിയിലെ സിസിടിവി കാമറകളിൽനിന്നാണ് ഇയാളുടെ കവർച്ച കന്പനി അധികൃതർ പിടികൂടിയത്.
ഹൊസൂറിലെ തിയേറ്ററിൽനിന്നാണു മുരുകേശിനെ പോലീസ് പിടികൂടിയത്. ഇയാളെ കോടതി ജുഡീഷൽ കസ്റ്റഡിയിൽവിട്ടു.