മ്യാൻമറുമായുള്ള അതിർത്തി അടച്ചു പൂട്ടാൻ ഇന്ത്യ; 1,643 കിലോ മീറ്റർ നീളത്തിൽ വേലികെട്ടും
Wednesday, September 18, 2024 6:08 PM IST
ന്യൂഡൽഹി: മ്യാൻമറുമായി പങ്കിടുന്ന അതിർത്തി പൂർണമായി അടച്ചുകെട്ടാൻ ഇന്ത്യ. 31,000 കോടി രൂപ മുടക്കി 1,643 കിലോമീറ്റർ നീളത്തിലാണ് വേലികെട്ടുന്നത്. അനധികൃത ആയുധക്കടത്തിന്റെയും മയക്കുമരുന്ന് കടത്തിന്റെയും പേരില്‍ കുപ്രസിദ്ധി നേടിയ അതിര്‍ത്തിയാണ് അടച്ചുപൂട്ടുന്നത്.
അതിർത്തിയുടെ 30 കിലോമീറ്റർ ചുറ്റളവിൽ വേലികെട്ടൽ പൂർത്തിയായതായി ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. തുറന്നുകിടക്കുന്ന അതിര്‍ത്തിയാണ് മണിപ്പുരിലെ വംശീയ കലാപത്തിന്റെ മൂലകാരണമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതി പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്കി.
അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 1,643 കിലോമീറ്റര്‍ വേലിക്കൊപ്പം റോഡുകളും ഇന്ത്യ നിര്‍മ്മിക്കും. മണിപ്പുര്‍, മിസോറാം, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളുമായാണ് മ്യാൻമര് അതിര്‍ത്തി പങ്കിടുന്നത്.
ഇന്ത്യയിലേയും മ്യാൻമറിലെയും അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് രേഖകളൊന്നുമില്ലാതെ അതിര്‍ത്തിയില്‍നിന്ന് ഇരുവശത്തേക്കും 16 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ അനുമതി നല്‍കിയിരുന്ന ഇന്ത്യ-മ്യാൻമർ ഫ്രീ മൂവ്മെന്റ് റെജിം (എഫ്എംആര്‍) കേന്ദ്രസര്‍ക്കാര്‍ നേരത്തേ റദ്ദാക്കിയിരുന്നു. ഇന്ത്യയുടെ 2018-ലെ ആക്ട് ഈസ്റ്റ് നയം പ്രകാരമായിരുന്നു ഇത്.