മൈനാഗപ്പള്ളി കൊലപാതകം: മൊബൈലിൽ നിർണായക വിവരങ്ങൾ ?
Wednesday, September 18, 2024 3:43 PM IST
കൊല്ലം: ശാസ്താംകോട്ട മൈനാഗപ്പള്ളി ആനൂർക്കാവിൽ കാറിടിപ്പിച്ച് ബൈക്ക് യാത്രികയായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാൻ പോലീസ്. ഒന്നാം പ്രതി അജ്മൽ, രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടി എന്നിവർ തമ്മിൽ നിരവധി തവണ സാമ്പത്തിക ഇടപാടുകൾ നടന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയും അതിനപ്പുറം തെളിവുകൾ ശേഖരിക്കുന്നതിനുമാണ് ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാൻ പോലീസ് തീരുമാനിച്ചിട്ടുള്ളത്.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ പോലീസ് ഉടൻ കോടതിയിൽ നൽകുമെന്നാണ് വിവരം. വിവിധ സ്ഥലങ്ങളിൽ പ്രതികളെ കൊണ്ടുപോയി വിശദമായി തെളിവെടുപ്പ് നടത്തേണ്ടതിനാൽ ഏറ്റവും കുറഞ്ഞത് ഒരാഴ്ചത്തെ കസ്റ്റഡി അപേക്ഷയായിരിക്കും നൽകുക.
ഇരുവരുടെയും മൊബൈൽ ഫോണുകൾ പോലീസ് സംഘം പ്രാഥമിക പരിശോധനകൾക്ക് വിധേയമാക്കി. വാട്സ് ആപ്പ് ചാറ്റുകൾ അടക്കം പരിശോധിച്ചു. രാസലഹരി ഇടപാടുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങൾ ഒരാളുടെ ഫോണിൽ ഉണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.
മറ്റൊരു ഫോണിൽ ഞെട്ടിക്കുന്ന ഒട്ടേറെ വിവരങ്ങളും ഉണ്ട്. ഇക്കാര്യങ്ങളും വിശദമായി അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം. ഇതിനായി മൊബൈൽ ഫോണുകളിലെ കോൾ ലിസ്റ്റും പോലീസ് ശേഖരിക്കും. അതിനു ശേഷം വിളിച്ചുവരുത്തി ചോദ്യം ചെയ്യേണ്ടവരുടെയും മൊഴികൾ എടുക്കേണ്ടവരുടെയും പട്ടിക തയാറാക്കും.
ഏറെ സംശയാസ്പദമായ സൂചനകളുമായി ബന്ധപ്പെട്ട് ചിലരെ പ്രതികളുമായി ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. കസ്റ്റഡിയിലെടുത്ത ഉടൻ തന്നെ ഇരുവരുടെയും രക്തവും മൂത്രവും പോലീസ് ശാസ്ത്രീയ പരിശോധനയ്ക്കായി എടുത്തിരുന്നു. രണ്ടുപേരും മദ്യപിച്ചിരുന്നതായി ഫലം ലഭിക്കുകയും ചെയ്തു. ഇതിന് സഹായകമായ ചില വീഡിയോ ദൃശ്യങ്ങളും പോലീസിന്റെ കൈവശമുണ്ട്.
അതേസമയം തന്നെ ചിലർ പിന്തുടർന്ന് തടഞ്ഞുനിർത്തി ആക്രമിച്ചു എന്ന അജ്മലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരേയും ശാസ്താംകോട്ട പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസിന്റെ ഈ നടപടിയിൽ പ്രദേശവാസികൾക്ക് കടുത്ത പ്രതിഷേധമുണ്ട്. ഒരു സംഘം യുവാക്കൾ കാറിനെ പിന്തുടർന്ന് നടത്തിയ ശ്രമത്തിലാണ് ഡോ.ശ്രീക്കുട്ടിയെ തടത്തുവച്ച് പോലീസിന് കൈമാറാൻ കഴിഞ്ഞത്.
സമീപത്തെ വീട്ടിൽ ഓടിക്കയറിയ ശേഷം മതിൽചാടി രക്ഷപ്പെട്ട അജ്മലിനെ മണിക്കൂറുകൾക്കുള്ളിൽ പോലീസിന് പിടികൂടാൻ കഴിഞ്ഞതും നാട്ടുകാർ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ്. ശ്രീക്കുട്ടിയുടെ മെഡിക്കൽ പഠനം കോയമ്പത്തൂരിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില അന്വേഷണവും വിവര ശേഖരണവും പോലീസ് നടത്തിക്കഴിഞ്ഞു.
ഡോക്ടറുടെ കുടുംബ പശ്ചാത്തലം സംബന്ധിച്ചുള്ള വിവരങ്ങളും പോലീസ് അന്വേഷിക്കുകയുണ്ടായി. അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ എല്ലാ വിവരങ്ങളും വെളിപ്പെടുത്താൻ പോലീസ് തയാറാകുന്നില്ല.