യുവാവിനെ വീട്ടിൽ കയറി വെട്ടിയ ശേഷം ഒപ്പമുണ്ടായിരുന്ന യുവതിയെ മുൻഭർത്താവ് തട്ടിക്കൊണ്ടുപോയി
Wednesday, September 18, 2024 1:28 PM IST
ആലപ്പുഴ: രാമങ്കരിയില്‍ വീട്ടില്‍ കയറി യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഒപ്പം താമസിച്ചിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയതായി പരാതി. യുവതിയുടെ മുന്‍ഭര്‍ത്താവാണ് ആക്രമണം നടത്തിയ ശേഷം ഇവരെ തട്ടിക്കൊണ്ടുപോയത്.
രാമങ്കരി സ്വദേശി ബൈജുവിനാണ് വെട്ടേറ്റത്. ബൈജുവിന്റെ ഒരു വിരൽ അറ്റുപോയിട്ടുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി ബൈജുവിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ചൊവ്വാഴ്ച രാത്രി 12.30 ഓടെയാണ് സംഭവം. യുവതിയുടെ മുന്‍ ഭര്‍ത്താവ് വീട്ടില്‍ കയറി ബൈജുവിനെ വെട്ടുകയായിരുന്നു. വിവരം അറിഞ്ഞ് എത്തിയ നാട്ടുകാരാണ് ബൈജുവിനെ ആശുപത്രിയില്‍ എത്തിച്ചത്.
രാമങ്കരി പോലീസ് സ്ഥലത്തെത്തി രാത്രി തന്നെ യുവതിയെയും മുന്‍ ഭര്‍ത്താവിനെയും കണ്ടെത്താന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ കുറെ നാളുകളായി യുവതിയും ബൈജുവും ഒരുമിച്ചാണ് താമസിക്കുന്നത്. ഇതിലുള്ള വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ബൈജുവിനെ കൊല്ലുമെന്നും യുവതിയെ തട്ടിക്കൊണ്ടുപോകുമെന്നും മുന്‍ഭര്‍ത്താവ് നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് വിവരം.