ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി; ചൈനയെ വീഴ്ത്തി ഇന്ത്യ കിരീടം നിലനിർത്തി
Tuesday, September 17, 2024 5:50 PM IST
ഹുലെൻബെർ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ചൈനയെ തകർത്ത് ഇന്ത്യ കിരീടം നിലനിർത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കിയത്.
51-ാം മിനിറ്റിൽ ജുഗ്രാജ് സിംഗാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. ചൈന ഉയർത്തിയ കടുത്ത പ്രതിരോധം മറികടന്ന് നാലാം ക്വാർട്ടറിലാണ് ഇന്ത്യ മുന്നിലെത്തിയത്. തുടർന്ന് വിശ്വരൂപം പുറത്തെടുത്ത ചൈനീസ് താരങ്ങൾ ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല.
അഞ്ചാം തവണയാണ് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്. മൂന്ന് കിരീടങ്ങളുള്ള പാകിസ്താനാണ് രണ്ടാം സ്ഥാനത്തുള്ളത്. ലൂസേഴ്സ് ഫൈനലിൽ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി പാകിസ്താൻ മൂന്നാം സ്ഥാനം സ്വന്തമാക്കി.