അരവിന്ദ് കേജരിവാൾ ചൊവ്വാഴ്ച രാജിവെക്കും; മന്ത്രിമാരുമായി ചർച്ച നടത്തി
Monday, September 16, 2024 8:32 PM IST
ന്യൂഡൽഹി: അരവിന്ദ് കേജരിവാൾ ചൊവ്വാഴ്ച ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. ചൊവ്വാഴ്ച വൈകുന്നേരം 4.30ന് ലഫ്റ്റനന്റ് ഗവർണർ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയിട്ടുണ്ട്.
അടുത്ത മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ എഎപി എംഎൽഎമാരുടെ അഭിപ്രായം തേടും. കേജരിവാൾ ആവശ്യപ്പെട്ടത് പോലെ ഡൽഹിയിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഈ പശ്ചാത്തലത്തിൽ കൂടിയാണ് അടുത്ത മുഖ്യമന്ത്രിക്കായി എഎപി ആലോചന നടത്തുന്നത്.
മന്ത്രിമാരായ അതിഷി മർലേന, ഗോപാൽ റായ്, കൈലാഷ് ഗലോട്ട് എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായുള്ളതെന്നാണ് സൂചന. കേജരിവാൾ ജയിലിലായപ്പോൾ സർക്കാരിന്റെ പ്രധാന ചുമതലകൾ വഹിച്ചത് അതിഷിയായിരുന്നു.
പുതിയ മുഖ്യമന്ത്രിക്കായി ചർച്ചകൾ നടക്കുകയാണ്. രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഈ വിഷയം ചർച്ചയായെങ്കിലും അന്തിമ തീരുമാനം എടുത്തില്ല. ഓരോ മന്ത്രിമാരോടും ആര് മുഖ്യമന്ത്രിയാകണമെന്ന കാര്യത്തിൽ അരവിന്ദ് കേജരിവാൾ അഭിപ്രായം തേടിയെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.