മമതയുമായി വേദി പങ്കിടില്ല; ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്
Friday, September 13, 2024 8:28 PM IST
കോൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി വേദി പങ്കിടില്ലെന്ന് ഗവർണർ സി.വി. ആനന്ദബോസ്. ബംഗാളിൽ യുവ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഗവർണറുടെ പ്രതികരണം.
ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ചതിന് മമതയ്ക്കെതിരേ നടപടിയെടുക്കും. മമതയെ 'ലേഡി മാക്ബത്ത്' എന്ന് വിശേഷിപ്പിച്ച ഗവര്‍ണര്‍ സംസ്ഥാനത്ത് ഒട്ടാകെ അതിക്രമങ്ങള്‍ അരങ്ങേറുകയാണെന്നും വ്യക്തമാക്കി.
അതേസമയം പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ രാജിസന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തിയിരുന്നു. സമരം ഒത്തുതീർപ്പാക്കാനായി ഡോക്ടർമാരെ നിരന്തരം ചർച്ചയ്ക്ക് വിളിച്ചിട്ടും അവർ ചർച്ചക്ക് എത്താത്തതിനെ തുടർന്നാണ് മമത രാജി സന്നദ്ധത അറിയിച്ചത്.
മുഖ്യമന്ത്രിയുമായുള്ള ചർച്ച തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നായിരുന്നു ഡോക്ടർമാരുടെ ആവശ്യം. എന്നാൽ സർക്കാർ ഈ ആവശ്യം നിരാകരിച്ചു. ഇതോടെയാണ് ചർച്ച വഴിമുട്ടിയത്. ജൂണിയർ ഡോക്ടർമാരുമായുള്ള ചർച്ച വീഡിയോയില്‍ ചിത്രീകരിക്കാമെന്നും സുപ്രീംകോടതിയുടെ നിർദേശത്തോടെ കൈമാറാമെന്നുമാണു സർക്കാർ നിലപാട്.