"അനന്തകാലം തടവിലിടുന്നത് ശരിയല്ല': സിബിഐ കേസിലും കേജരിവാളിന് ജാമ്യം
Friday, September 13, 2024 11:00 AM IST
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ജാമ്യം. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. കേജരിവാളിനെ അനന്തകാലം തടവിലിടുന്നത് ശരിയല്ലെന്നും വിചാരണ പെട്ടെന്ന് പൂർത്തിയാകാനിടയില്ലെന്നും കോടതി നിരീക്ഷിച്ചു.
ഈ കേസില്‍ ഇതുവരെ നാലുകുറ്റപത്രമാണ് ഇതുവരെ സമര്‍പ്പിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ കേസിന്റെ വിചാരണ അനന്തമായി നീണ്ടുപോകും. അതുവരെ ഒരാളെ ജയിലില്‍ ഇടുകയെന്നത് തികച്ചും നിയമവിരുദ്ധമായ കാര്യമാണ്. ജാമ്യവുമായി ബന്ധപ്പെട്ട കാര്യം പരിഗണിക്കുമ്പോള്‍ ഒരുവ്യക്തിയുടെ സ്വാതന്ത്ര്യമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും ഒഴിവാക്കാനാകാത്ത ഘട്ടത്തില്‍ മാത്രമാണ് ജയിലെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റീസുമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേജരിവാളിന്റെ അറസ്റ്റ് നടപടി നിയമവിരുദ്ധമാണോ? സ്ഥിര ജാമ്യം അനുവദിക്കണോ? കസ്റ്റഡിയിലുള്ള ആളെ അറസ്റ്റ് ചെയ്യാമോ? എന്നീ മൂന്ന് കാര്യങ്ങളാണ് കോടതി പരിശോധിച്ചത്.
സിബിഐ നടപടിയെ വിമർശിച്ച ജസ്റ്റീസ് ഉജ്വല്‍ ഭുയന്‍ അറസ്റ്റിന്റെ ആവശ്യകത തൃപ്തികരമല്ലെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ അറസ്റ്റ് നിയമപരമെന്നായിരുന്നു ജസ്റ്റീസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടത്.
ആറുമാസത്തിന് ശേഷമാണ് അരവിന്ദ് കേജരിവാളിന് ജാമ്യം ലഭിക്കുന്നത്. ജൂൺ 26നാണ് കേജരിവാളിനെ ഇഡി കസ്റ്റഡിയിലിരിക്കേ സിബിഐ അറസ്റ്റ് ചെയ്തത്. ഇഡി കേസിൽ സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.