ആർഎസ്എസിന്റെ പേരിൽ മുസ്ലീങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കുന്നു: പി.കെ. കൃഷ്ണദാസ്
Wednesday, September 11, 2024 6:51 PM IST
തിരുവനന്തപുരം: യുഡിഎഫ് - എൽഡിഎഫ് നേതാക്കൾ ആർഎസ്എസിന്റെ പേരിൽ മുസ്ലീങ്ങൾക്കിടയിൽ ഭയാശങ്ക സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷണദാസ്. ആരോപണങ്ങളിൽ നിന്നും മുഖ്യമന്ത്രിക്ക് സംരക്ഷണം നൽകുന്ന വി.ഡി. സതീശൻ പിണറായി വിജയന്റെ ഗോൾ കീപ്പറായി മാറിയതായും അദ്ദേഹം ആരോപിച്ചു.
ഭരണകക്ഷി എംഎൽഎ മുഖ്യമന്ത്രിക്കും അഭ്യന്തര വകുപ്പിനെതിരെയും ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചത്. അതിനെതിരെ ശബ്ദിക്കാതെ എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത് വലിയ പ്രശ്നമാക്കി മാറ്റാൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് - ആർഎസ്എസ് ബന്ധം പറഞ്ഞ് അതിനെ പ്രതിരോധിക്കുവാനാണ് മുഖ്യമന്ത്രിയും ശ്രമിക്കുന്നത്.
സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും ക്രമസമാധാന ചുമതലയുളള എഡിജിപിക്കുമുള്ള പങ്കിനെക്കുറിച്ചുമൊക്കെ ഭരണകക്ഷി എംഎൽഎ ആരോപണം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രിയെ സംരക്ഷിക്കുവാനാണ് പ്രതിപക്ഷനേതാവ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.