തീവ്രന്യൂനമർദവും ചക്രവാതച്ചുഴിയും; സംസ്ഥാനത്ത് ഏഴുദിവസം മഴകനക്കും, ഒരു ജില്ലകളിലും മുന്നറിയിപ്പില്ല
Wednesday, September 11, 2024 3:47 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഏഴു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതേസമയം, അഞ്ചുദിവസം ഒരു ജില്ലകളിലും പ്രത്യേക മഴമുന്നറിയിപ്പില്ല.
വടക്ക് - കിഴക്കൻ മധ്യപ്രദേശ് മേഖലയ്ക്ക് മുകളിൽ സ്ഥിതിചെയ്തിരുന്ന ശക്തികൂടിയ ന്യൂനമർദം വീണ്ടും തീവ്രന്യൂനമർദമായി ശക്തിപ്രാപിച്ചു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്തു തീരം വരെ ന്യൂനമർദപാത്തി രൂപപ്പെട്ടു. മ്യാൻമറിന് മുകളിൽ നിലവിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി അടുത്ത രണ്ടുദിവസത്തിനുള്ളിൽ ബംഗ്ലാദേശിനും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായാണ് വ്യാപകമായ മഴയ്ക്ക് സാധ്യത.
അടുത്ത മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
അതേസമയം, കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തെക്കുപടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറു ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
മധ്യ അറബിക്കടൽ, തെക്കുപടിഞ്ഞാറൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, തെക്കൻ ബംഗാൾ ഉൾക്കടലിന്റെയും മധ്യ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
വ്യാഴാഴ്ച തെക്കുപടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറു ഭാഗങ്ങൾ, മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങൾ, ഗൾഫ് ഓഫ് മാന്നാർ, തമിഴ് നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
മധ്യ അറബിക്കടൽ, തെക്കുപടിഞ്ഞാറൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടൽ, വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.