വാട്ടര്‍ അഥോറിറ്റിയുടെ "മരണക്കുഴി'; കോണ്‍ക്രീറ്റ് ചെയ്ത് പോലീസ്
Wednesday, September 11, 2024 11:25 AM IST
പത്തനംതിട്ട: വാട്ടര്‍ അഥോറിറ്റി കുത്തിപ്പൊളിച്ച റോഡിലെ കുഴി കോണ്‍ക്രീറ്റ് ചെയ്ത് ട്രാഫിക് പോലീസ്. കഴിഞ്ഞദിവസം ഇവിടെ ഓട്ടോമറിഞ്ഞ് യാത്രക്കാരന് ജീവന് നഷ്ടപ്പെട്ടിരുന്നു. പെപ്പ് അറ്റകുറ്റപ്പണിക്ക് ശേഷം വാട്ടര്‍ അഥോറിറ്റി കൃത്യമായി മൂടാതിരുന്ന കുഴിയിലാണ് അപകടമുണ്ടായത്.
ശനിയാഴ്ച രാത്രി ഒന്‍പതിന് അടൂര്‍ എംസിറോഡില്‍ മോഡേണ്‍വേ ബ്രിഡ്ജിനു സമീപത്തായിരുന്നു അപകടം നടന്നത്. തലകീഴായി മറിഞ്ഞ ഓട്ടോയില്‍ നിന്നും വീണ് പന്നിവിഴ പുളിവിളയില്‍ പി.ജി. സുരേന്ദ്രന് (49) മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന മകള്‍ വൈഗയും ഓട്ടോറിക്ഷ ഡ്രൈവറും വലിയ പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു.
കുഴിയടക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് പറഞ്ഞിട്ടും നടപടിയില്ലാതെ വന്നപ്പോഴാണ് ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ കുഴിയടച്ചത്. സ്വന്തം ചെലവിലാണ് പോലീസ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്.