ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് എ.കെ.ബാലന്
Tuesday, September 10, 2024 1:05 PM IST
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
ഇത്രയധികം കാര്യങ്ങള്‍ ഹേമ കമ്മിറ്റിയുടെ മുമ്പില്‍ വരാന്‍ കാരണം അതിന്റെ സ്വകാര്യതയാണ്. ഇത് സ്വകാര്യമായി തന്നെ സൂക്ഷിക്കണമെന്നും പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നും ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും മൊഴി നല്കിയവര് കമ്മീഷനെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്മീഷന് സര്‍ക്കാരിന് കത്ത് നല്കി.
മൊഴി നല്‍കിയവരുടെ സ്വകാര്യത ഉറപ്പുവരുത്താന്‍ വേണ്ടിയാണ് ഇത്രയും കാലം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍ന്മേല്‍ തുടര്‍നടപടി സ്വീകരിക്കാതിരുന്നത്. ഇതിന് സര്‍ക്കാരിന് മുന്നിലുണ്ടായിരുന്ന നിയമപ്രശ്നങ്ങള്‍ കോടതി ഇടപെട്ടതോടെ പരിഹരിക്കപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.