സിനിമാ മേഖലയിൽ പെരുമാറ്റച്ചട്ടം വേണം: ഡബ്ല്യുസിസി
Monday, September 9, 2024 8:32 PM IST
കൊച്ചി: മലയാള സിനിമാ മേഖലയില്‍ പെരുമാറ്റച്ചട്ടം വേണമെന്ന് ഡബ്ലുസിസി. സിനിമയിലെ എല്ലാ തൊഴിലുകള്‍ക്കും കൃത്യമായ കരാര്‍ കൊണ്ടു വരണം. ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള വ്യവസ്ഥകളും കരാറിന്റെ ഭാഗമാക്കണമെന്നും സംഘടന ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
സിനിമാ മേഖലയുടെ സമഗ്ര പുനര്‍നിര്‍മാണത്തിന് പുതിയ നിര്‍ദേശങ്ങളടങ്ങിയ പരമ്പര പ്രഖ്യാപിക്കുമെന്ന് ഡബ്ലുസിസി നേരത്തെ അറിയിച്ചിരുന്നു. ഈ പരമ്പരയിലെ ആദ്യ നിര്‍ദേശമെന്ന നിലയിലാണ് തൊഴില്‍ കരാര്‍ ആവശ്യം ഉന്നയിച്ചത്. പ്രതിഫലവും നിബന്ധനകളും കാലാവധിയും ക്രെഡിറ്റുകളും കരാറിൽ വ്യക്തമാക്കണമെന്ന് നിർദേശത്തിലുണ്ട്.
ചലച്ചിത്ര വ്യവസായം അംഗീകരിക്കുന്ന കരാർ രൂപരേഖകൾ ഉണ്ടാകണം. കരാർ ലംഘനം റിപ്പോർട്ട് ചെയ്യാനുള്ള അവകാശം വേണം. താത്കാലിക ജീവനക്കാർക്കും കരാറുകൾ വേണം. സിനിമയുടെ പേരും തൊഴിലുടമയുടെയും ജീവനക്കാരന്റെയും വിശദാംശങ്ങളും വെളിപ്പെടുത്തണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെടുന്നുണ്ട്.