കന്റോൺമെന്റ് എസ്ഐക്കെതിരെ നടപടിവേണം; അബിൻ വർക്കി ഡിജിപിക്ക് പരാതി നൽകി
Monday, September 9, 2024 5:18 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസുകാരെ മർദിച്ച കന്റോൺമെന്റ് എസ്ഐ ജിജു കുമാറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കിയാണ് ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയത്. എഡിജിപി അജിത് കുമാറിനെതിരെ സംസാരിച്ചതിന്റെ വിരോധം മൂലമാണ് മർദനം. യാതൊരു പ്രകോപനവും കൂടാതെയാണ് പ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിച്ചതെന്നും പരാതിയിൽ പറയുന്നു.
പരാതിയിൽ നടപടി ഉണ്ടായില്ലെങ്കിൽ കോടതി മുഖേനയുള്ള നിയമ നടപടികൾ ഉടൻ ആരംഭിക്കും. അകാരണമായി പ്രവർത്തകരെ തല്ലിയ പോലീസ് ഉദ്യോഗസ്ഥരെ വീട്ടിലിരുത്തുന്നത് വരെ പോരാട്ടം തുടരുമെന്നും അബിൻ വർക്കി പറഞ്ഞു.
ഈ ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം മോഷണ കുറ്റത്തിന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നേരിട്ട് കേസെടുത്തിട്ടുണ്ടെന്നും അബിൻ വർക്കിയുടെ പരാതിയിൽ പറയുന്നു.