പ്ലാറ്റ് ഫോമുകൾക്ക് ഉയരം കൂട്ടും: ഫ്രാൻസിസ് ജോർജ് എംപി
Saturday, September 7, 2024 11:07 PM IST
കോട്ടയം: കുമാരനല്ലൂർ, മുളന്തുരുത്തി, കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോമുകൾക്ക് ഉയരം കൂട്ടുമെന്ന് ഫ്രാൻസിസ് ജോർജ് എംപി. ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
കുമാരനല്ലൂരിലെ ഒരു പ്ലാറ്റ്ഫോമിന്റെയും മുളന്തുരുത്തി സ്റ്റേഷനിലെ രണ്ട് പ്ലാറ്റ് ഫോമുകളുടെയും കാഞ്ഞിരമറ്റം സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ് ഫോമുകളുടെയും ഉയരമാണ് കൂട്ടുന്നത്. ഈ മൂന്നു സ്റ്റേഷനുകളിലെയും പ്ലാറ്റ് ഫോമുകളുടെ ഉയരം കൂട്ടാൻ മൂന്നു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
രണ്ടു വർഷമാണ് നിർമാണ കാലാവധിയെന്ന് അദ്ദേഹം പറഞ്ഞു. പ്ലാറ്റ് ഫോമുകൾ ഉയർത്തുന്ന പ്രവർത്തികളുടെ ടെൻഡർ നടപടികൾ ഒരു മാസത്തിനകം പൂർത്തിയാക്കി നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.